വേദങ്ങള്‍ വെളിച്ചമാണ്. അകവും പുറവും നിറയ്ക്കുന്ന വെളിച്ചം. ഏകമാനവികതയും ഭേദചിന്തകള്‍ക്കതീതമായ സമത്വവുമാണ് അതിന്റെ പ്രമേയം. ജീവിതാനന്ദം അതിന്റെ ലക്ഷ്യമാണ്. കരുണാമയനും സ്‌നേഹസ്വരൂപനുമായ ദൈവത്തെയാണ് വേദങ്ങള്‍ പകര്‍ന്നു നല്‍കുന്നത്.
ഖുര്‍ആന്‍ മാര്‍ഗദര്‍ശനവും വിവേചകവുമാണ്. പ്രകാശത്തിന്റെ അടയാളമാണത്. മാനവകുലത്തിനാകാമാനം അനകാശപ്പെട്ടത്. ഏകനായ സ്രഷ്ടാവിന്റെ സൃഷ്ടികളാണ് മനുഷ്യര്‍. അവര്‍ക്കിടയില്‍ വിവേചനങ്ങളില്ല.
“ഖുർആൻ അകംപൊരുൾ” ഏഴ് വോള്യങ്ങൾ വരുന്ന ഗ്രന്ഥപരമ്പരയാണ്. കാരുണ്യവാനായ നാഥന്റെ അനുഗ്രഹത്താൽ നാല് വോള്യങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. എന്നാൽ, ഈ ഡിജിറ്റൽ പതിപ്പിൽ ഒന്നാം വോള്യമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതിൽ ആദ്യത്തെ രണ്ട് അധ്യായങ്ങളായ അൽ ഫാത്തിഹയും അൽബഖറയുമാണ് വിശദീകരിക്കുന്നത്. തുടർന്നുള്ള ഭാഗങ്ങൾ ക്രമത്തിൽ ചേർക്കുന്നതാണ്.
സാമുദായികവും മതപരവുമായ വായന വേദങ്ങളെ വല്ലാതെ പരിമിതപ്പെടുത്തുകയും മത പാഠപുസ്തകങ്ങളാക്കി മാറ്റുകയും ചെയ്തു. സാമുദായിക വായനയില്‍ ഏറ്റവും കൂടുതല്‍ പരിക്കേറ്റത് ഖുര്‍ആനിനാണ്.
ഖുര്‍ആന്‍ അകംപൊരുള്‍ എന്ന മാനവിക വ്യാഖ്യാന ഗ്രന്ഥം വേദയാഥാര്‍ഥ്യത്തെ പുനര്‍വായിക്കുകയാണ്. അതിരുകളിട്ട് കുടുസ്സാക്കിയ അകത്തളത്തിലിരുന്നുള്ള വായനയല്ല. ആകാശവിതാനങ്ങള്‍ക്കപ്പുറത്തും അതിരുകളില്ലാതെ പരക്കുന്ന വായന. അതാണല്ലോ ഖുര്‍ആന്‍. അത് പൂര്‍വവേദങ്ങളെ സത്യപ്പെടുത്തുകയും സാക്ഷീകരിക്കുകയും ചെയ്യുന്നു.
മതമോ മേല്‍വിലാസമോ നോക്കിയല്ല മോക്ഷം ലഭിക്കുക. കര്‍മത്തെ അടിസ്ഥാനപ്പെടുത്തിയാണത്. മനുഷ്യരാകൂ, ഒന്നാകൂ, നീതിയും സ്‌നേഹവും ആദര്‍ശമാക്കൂ എന്നതാണ് ഇതിന്റെ മുഖ്യ പ്രമേയം.
ഈ വേദപാഠങ്ങള്‍ പുതിയകാലത്തിനു പകര്‍ത്തിക്കൊടുക്കുകയാണ് ഖുര്‍ആന്‍ അകം പൊരുള്‍ എന്ന വ്യാഖ്യാനഗ്രന്ഥം. ആശയങ്ങളെ സുതാര്യവും സുഗ്രാഹ്യവുമായി വിശദീകരിക്കുന്നതിന് മനോഹരവും സരളവുമായ മലയാളഭാഷ ഉപയോഗിക്കുന്നതില്‍ ഈ ഗ്രന്ഥം വിജയിച്ചിരിക്കുന്നു.
ബാഹ്യമായ ആചാര സമ്പ്രദായങ്ങള്‍ക്കപ്പുറത്ത് അകംപൊരുളിനെ കൂടി ഈ ഗ്രന്ഥം ഉള്‍ക്കൊള്ളുന്നു. ഖുര്‍ആനികരമായ ആധ്യാത്മികതയുടെ ഉന്‍മാദകരമായ സൗന്ദര്യത്തെ ഇതു പ്രകാശിപ്പിക്കുന്നു.
അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസ്വാതന്ത്ര്യത്തെ ഖുര്‍ആനികമായ സ്വാതന്ത്ര്യത്തിലേക്ക് ഈ കൃതി ആനയിക്കുന്നു. മൂന്നാലിംഗ ജനതയുടെ പ്രശ്‌നങ്ങളെക്കൂടി ഈ വേദവ്യാഖ്യാനം അഭിമുഖീകരിച്ചിരിക്കുന്നു.
കര്‍മശാസ്ത്രപരമായ ചര്‍ച്ചകള്‍ക്കപ്പുറത്ത് വേദത്തിന്റെ സ്‌നോഹോഷ്മളതയുടെ നനവു പടരുന്ന തത്ത്വസൗന്ദര്യത്തിന്റെ സുഗന്ധം ഈ ഗ്രന്ഥം പ്രസരിപ്പിക്കുന്നു.
ഒരിക്കലും അസ്തമിക്കാത്ത ജ്ഞാനസൂര്യനായി വേദമിവിടെ പ്രശോഭിക്കുന്നു. ഓരോ നിമിഷവും പുതിയ രശ്മികളെ ഉല്‍പാദിപ്പിക്കുന്ന വേദജ്ഞാനത്തിന്റെ ഏറ്റവും പുതിയ വായനയാണിത്. വിജ്ഞാനകുതുകികളായ ആര്‍ക്കും ഇത് അവഗണിക്കാനാവില്ല. ജ്ഞാനചക്രവാളത്തിന്റെ നിഗൂഢസൗന്ദര്യത്തിലേക്ക് വരൂ, ദൈവികാനുഗ്രഹത്തിന്റെ വസന്തശോഭ അനുഭവിക്കാന്‍ ഈ ഗ്രന്ഥത്തിന്റെ സുഗന്ധം നുകരൂ…
ഹൃദയം കൊണ്ടും ആത്മാവു കൊണ്ടും ഇതു വായിക്കുക. വേദത്തിന്റെ വേര് അവിടെയാണ് തളിര്‍ക്കുന്നതും പൂക്കുന്നതും.
മനുഷ്യരാശിയില്‍ ഇത്തരം വായനയുടെ സാകല്യം വിടരട്ടെ എന്ന് ഖുര്‍ആന്‍ അകംപൊരുളിന്റെ പിന്നണി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നു. മലയാളത്തില്‍ മാത്രമല്ല, ഇംഗ്ലീഷ് മുതല്‍ മറ്റു ഭാഷകളിലേക്കും ഭാഷാന്തരം ചെയ്യാന്‍ വിശാല പദ്ധതിയുണ്ട്.
നിയമബോധത്തിന്റെയും വിശ്വാസത്തിന്റെയും സ്ഥാനം, വേദധര്‍മ സമന്വയ ദര്‍ശനം, പരിസ്ഥിതി, പ്രകൃതി, ജീവികളോടുള്ള കരുണ, നിത്യദാനവും ദാനവും, പ്രജായത്ത തത്ത്വം, പരിണാമസിദ്ധാന്തം, ഫലോസഫി, ആധ്യാത്മിക ദര്‍ശനം, ദൈവരഹിത ചിന്തകള്‍, ബലി, രാജാധികാരവും പൗരോഹിത്യവും, ദേവാലങ്ങളുടെ യാഥാര്‍ഥ്യം എന്നിങ്ങനെയുള്ള ഗഹനമായ വിഷയങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യുന്നു എന്നതാണ് ഇതിന്റെ വേറിട്ട വ്യക്തിത്വം